
ഉത്സവം
മേടമാസത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം. മേട മാസത്തിൽ വിഷുവിന്റെ തലേദിവസം കൊടി കയറി ആറാം ദിവസം ആറാട്ടോടുകൂടി പര്യവസാനിക്കുന്നു. ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ കൊടി കയറുന്നതിനു മുൻപ് തന്നെ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലും മറ്റക്കുഴി ശിവപാർവ്വതി ക്ഷേത്രത്തിലും കൊടി കയറുന്നു എന്ന പ്രത്യേകതയും ഇവിടുത്തെ ഉത്സവത്തിനുണ്ട്. കൂടാതെ മറ്റക്കുഴി ശിവക്ഷേത്രത്തിൽ വലിയവിളക്ക് ആഘോഷം ഇല്ല എന്നതും മറിച്ച് ശ്രീമഹാദേവൻ മുരിയമംഗലത്തേയ്ക്ക് എഴുന്നള്ളി ഇവിടുത്തെ വലിയവിളക്ക് ആഘോഷങ്ങളിൽ പങ്കുകൊണ്ട് തിരികെ മറ്റക്കുഴിക്ക് മടങ്ങുന്നു എന്ന പ്രത്യേകതയും ശ്രദ്ധേയമാണ്. പിന്നീട് മറ്റക്കുഴി ക്ഷേത്രത്തിലെ ഉത്സവങ്ങളിൽ ചില വ്യതിയാനങ്ങൾ വരികയും തുടർന്ന് ഈ ചടങ്ങ് മുടങ്ങിപ്പോകുകയും ഉണ്ടായി. അഷ്ടമംഗലപ്രശ്നത്തിൽ ഈ ആചാരം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ഇരുഗ്രാമങ്ങളിലേയും ഭക്തജനങ്ങളുടെ ആഗ്രഹവും അതുതന്നെ ആകുകയും ചെയ്തതോടെ ഏതാനും വർഷങ്ങൾക്കു മുൻപ് പുനരാരംഭിക്കുകയും ഇന്നും മുടങ്ങാതെ നടന്നുപോരുകയും ചെയ്യുന്നു.
കൊടികയറി കണികാണൽ
കൊടികയറി കണികാണുക എന്ന വിശിഷ്ടമായ ആചാരം ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ഭഗവാനെ കണികണ്ട് തൃക്കൈനീട്ടം വാങ്ങുവാൻ നൂറുകണക്കിന് ഭക്തർ വിഷുദിനത്തിൽ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. കൊടികയറ്റവും കണികാണലും, മൂന്നു ദേവന്മാർ ചേർന്നുള്ള (ശ്രീ നരസിംഹസ്വാമി, ശ്രീ ധർമ്മശാസ്താവ്, ശ്രീ മഹാദേവൻ) വലിയവിളക്കും തുടർന്നുള്ള ആറാട്ടും ഒറ്റ ഉത്സവത്തിൽ ദർശിക്കാൻ കഴിയുന്നത് ഏറെ പുണ്യമായി ഭക്തജനങ്ങൾ കരുതുന്നു.